Saturday, September 27, 2008

മനസ്സില്‍ തട്ടിയ ചിലത്




വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബായില്‍ എത്തുമ്പോള്‍ ഒരു വലിയ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അയാളുടെ ചുമലില്‍ ആയിരുന്നു. അച്ഛന്റെ മരണശേഷം അമ്മയ്ക്കും സഹോദരന്മാര്‍ക്കും അയാള്‍ മാത്രമായിരുന്നു തുണ .പട്ടിണിയും കഷ്ടതകളും വല്ലാതെ അലട്ടി തുടങ്ങിയപ്പോള്‍ ആണ് ഗള്‍ഫില്‍ പോകാന്‍ ശ്രമം തുടങ്ങിയത് . ഒരു പരിചയക്കാരന്റെ സഹായത്താല്‍ ഇവിടെ എത്തി.ആദ്യമൊക്കെ കൃത്യമായ ജോലിയോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെട്ടു.പിന്നെ പതിയെ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങി.എത്ര വേദനിച്ചാലും കഷ്ടപ്പെട്ടാലും തന്റെ കുടുംബത്തെ ഓര്‍ത്ത് അയാള്‍ ആശ്വസിക്കും.സമൃദ്ധിയില്‍ കഴിയുന്ന കുടുംബം .ആ സ്വപ്നം അയാള്‍ക്ക് എപ്പോഴും പ്രചോദനമായി.ഓരോ രൂപയും ചേര്ത്തു വെച്ചു അനുജന്മാര്‍ക്ക് അയച്ചു കൊടുത്തു.



ഒന്നും സ്വന്തമായ് സമ്പാദിക്കാന്‍ ശ്രമം നടത്തിയില്ല.വര്‍ഷങ്ങള്‍ കടന്നു പോയി.കുടുംബത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായും തന്റെ അധ്വാനം ഫലം കാണുന്നതായും അയ്യാള്‍ക്ക് തോന്നി.താന്‍ അയച്ചു കൊടുത്ത പണം കൊണ്ട് അനുജന്മാര്‍ സ്വന്തം വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ അഭിമാനം തോന്നി. ദൈവം തന്റെ പ്രാര്‍ത്ഥനകളും കഷ്ടപ്പാടും കണ്ടിരിക്കുന്നു.നാട്ടില്‍ നിന്നും വന്നിട്ട നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു .നാട്ടില്‍ പോകാനും എല്ലാവരെയും കാണാനും കൊതിയായി. പോകാന്‍ തീരുമാനിച്ചു. നാട്ടിലെത്തി അമ്മയെയും അനുജന്മാരെയും കണ്ടപ്പോള്‍ എന്തൊക്കെയോ ജീവിതത്തില്‍ നേടി എന്ന തോന്നല്‍ ആയിരുന്നു.



ആ അവധി കാലത്തു അയാള്‍ വിവാഹം കഴിച്ചു. തന്റെ അനുജന്റെയും വിവാഹം നടത്താന്‍ ഒട്ടും വൈകിയില്ല.രണ്ടു മാസം മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനു ശേഷം ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളും ഭാരങ്ങളും ആയി വീണ്ടും മണലാരണ്യത്തില്‍ .



പ്രിയതമയെ വേര്‍പിരിഞ്ഞതിന്റെ വേദന ഉള്ളിലൊതുക്കി നല്ല നാളെകള്‍ സ്വപ്നം കണ്ടു വീണ്ടും .



പണം അയക്കുന്നത് ഇപ്പോഴും അനുജന്റെ പേരില്‍ മാത്രം ആണ്.അവന്‍ തന്റെ കുടുംബം സംരക്ഷിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഭാര്യ ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ നാട്ടിലേക്ക് പറന്നെത്താന്‍ തോന്നിയെന്കിലും സാഹചര്യങ്ങള്‍ അനുവദിച്ചില്ല. മകന്‍ പിറന്നപ്പോഴും പോകാനായില്ല.തന്റെ മകന്റെ മുഖം ആദ്യമായ് കാണുന്ന നിമിഷം എല്ലാ ദിവസവും സ്വപ്നം കണ്ടു.ഒടുവില്‍ മകന് രണ്ടു വയസ്സ് പ്രായം ആയപ്പോഴാണ് നാട്ടില്‍ വീണ്ടും പോകാന്‍ അവസരം കിട്ടിയത്.മനസ്സു സന്തോഷം കൊണ്ടു നിറഞ്ഞു.ഇതിനേക്കാള്‍ വലിയ സന്തോഷം ഒന്നും ഇല്ല ജീവിതത്തില്‍. എയര്‍പോര്‍ട്ടില്‍ തന്നെ കൂട്ടാന്‍ അനുജന്‍ മാത്രം എത്തിയപ്പോള്‍ നിരാശ തോന്നി.വീട്ടിലെത്തി മകനെയും ഭാര്യയേയും അമ്മയെയും കാണാന്‍ തിടുക്കമായി.



അതിനിടയിലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അനുജന്‍ ആകെ മാറിയിരിക്കുന്നു.പഴയ സ്നേഹത്തിന്റെ നിഴല്‍ പോലും അവനില്‍ കാണാനായില്ല.യാത്രയില്‍ ഉടനീളം അവന്‍ നിശബ്ദനായിരുന്നു.



വീടിന്റെ അടുത്തെത്തിയപ്പോള്‍ തന്നെ കണ്ടു മുറ്റത്ത് കുറെ കുട്ടികള്‍ കളിക്കുന്നു.തന്റെ മകനെ തിരഞ്ഞ അയ്യാളുടെ കണ്ണുകള്‍ ആദ്യം ഉടക്കിയത് പ്രാകൃത വേഷം ധരിച്ച ഒരു കുട്ടിയിലാണ്.ദേഹമാസകലം ചെളിയും പൊടിയും.പാറിപ്പറന്ന മുടി.കീറിപ്പറിഞ്ഞ ഉടുപ്പ്.മറ്റു കുട്ടികള്‍ വളരെ നല്ല വസ്ത്രങ്ങള്‍ ധരിച്ചു സന്തോഷത്തോടെ കളിക്കുമ്പോള്‍ ഇവന്‍ മാത്രം കരഞു കൊണ്ടു നില്ക്കുന്നു.അയല്‍പക്കത്തെ കുട്ടിയാവും എന്ന് കരുതി കാറില്‍ നിന്നിറങ്ങി വീണ്ടും തന്റെ മകനെ തിരഞ്ഞ അയ്യാള്‍ക്ക് മനസ്സിലായി തന്റെ കണ്ണുകള്‍ ആദ്യം കണ്ടെത്തിയത് മകനെ തന്നെ എന്ന്.ചോദ്യ ഭാവത്തില്‍ അനുജനെ നോക്കിയെന്കിലും അയാള്‍ മുഖം തിരിച്ചു.വീട്ടില്‍ കടന്നപോള്‍ കണ്ടു ....വേലക്കാരിയെപോലെ ഭാര്യ.



പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു .താന്‍ പരാജയപ്പെട്ടു .ഒരു ജീവിതം മുഴുവന്‍ കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ട താന്‍ ഒരു ശല്യമായ് മാറിയിരിക്കുന്നു.അനുജനും ഭാര്യയും കുട്ടികളും ആഡംബര ജീവിതം നയിച്ചപ്പോള്‍ തന്റെ ഭാര്യയും കുട്ടിയും അവരുടെ വേലക്കാരെ പോലെ.സഹിക്കാന്‍പറ്റുന്നില്ല.എല്ലാത്തിനും മൂക സാക്ഷിയായ് അമ്മ.



പെട്ടെന്ന് തളരുന്ന മനസ്സ് അല്ലായിരുന്നു .അത് കൊണ്ടു തന്നെ ഇനിയെന്ത് എന്ന് ചിന്തിച്ചു. തിരിച്ചു പോകണം .



മകന് നല്ല വിദ്യാഭ്യാസവും ഭാര്യക്ക്‌ നല്ല തുണയും നല്‍കണം .ഇത്രയും കാലം അവളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടില്ല.ഇനി അത് പാടില്ല.അവള്ക്ക് പരാതികള്‍ ഇല്ലായിരുന്നു.



മകന് നല്ല ഒരു ജോലി കിട്ടുന്നത് വരെ മതി ഗള്ഫ് ജീവിതം . അത് കഴിഞ്ഞാല്‍ മടങ്ങി വരണം .



ശേഷ കാലം കുടുംബത്തോടൊപ്പം .



തിരിച്ചെത്തി വാശിയോടെ വീണ്ടും അധ്വാനിച്ചു.മകന്‍ നന്നായ്‌ പഠിക്കുന്നു എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി.ഓരോ തവണയും നാട്ടില്‍ പോകുമ്പോള്‍ മകന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളില്‍ ആയിരുന്നു.



ഒപ്പം കഴിഞ്ഞു കൊതി തീരും മുന്പേ ഓരോ തവണയും തിരിച്ചു പോരേണ്ടി വന്നു. എങ്കിലും ചില പ്രതീക്ഷകള്‍ ..ശുഭാപ്തി വിശ്വാസം .



പത്താം തരം കഴിഞ്ഞതോടെ മകന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി.മകന് ഡ്രൈവര്‍ ആകണമത്രെ. പഠിക്കാന്‍ താല്പര്യമില്ല. തന്റെ എല്ലാ സ്വപ്നങ്ങളും ഒപ്പം ജീവിതവും നീര്‍കുമിള പോലെ പൊലിയുന്നത് അയാള്‍ വേദനയോടെ മനസ്സിലാക്കി.അവസാന ശ്രമം എന്ന നിലക്ക് മകനോട്‌ പഠനം തുടരണം എന്നും ഇല്ലെങ്കില്‍ താന്‍ ഇനി ജീവിച്ചിരിക്കില്ല എന്ന് വരെ പറഞ്ഞു നോക്കി. ഒന്നും ഫലിച്ചില്ല .
പകരം എന്നെ എങ്ങനെയെങ്കിലും ഗള്‍ഫില്‍ കൊണ്ടുപോകണം എന്നും അവിടെ ഡ്രൈവര്‍ ആയാല്‍ മതിയെന്നും മകന്‍. ഇപ്പോഴും അയാള്‍ എന്തിനെന്നിലാതെ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നു. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍.
ആരോഗ്യവും യൌവനവും ജീവിതം തന്നെയും നശിപ്പിച്ചിട്ടെന്തു കിട്ടി ? ഇപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ
മാത്രമെ അയാളെ കാണാന്‍ പറ്റൂ.അയാളുടെ കണ്ണുകളുടെ ആഴങ്ങളില്‍ പോലും ഒരല്പം വിഷാദം കാണാനില്ല.
ഇത്രയും തന്റെ ജീവിതത്തെ പറ്റി പറഞ്ഞതും ഒരു തമാശയെന്നോണം .ഒരു ശരാശരി പ്രവാസിയുടെ ജീവിതത്തിലെ സാധാരണ സംഭവം ആയി മാത്രമെ ഇതു പലര്ക്കും തോന്നുകയുള്ളൂ.പക്ഷെ ഇങ്ങനെ എത്രയെത്ര ജന്മങ്ങള്‍ ..ജീവിതത്തില്‍ കഷ്ടതയും വേര്‍പാടും വേദനയും സഹിച്ച് വര്‍ഷങ്ങള്‍ മരുഭൂമിയില്‍ കഴിച്ചു കൂട്ടി ,ഒടുവില്‍ ആരോഗ്യം നശിക്കുമ്പോള്‍ ആര്ക്കും വേണ്ടാതെ അവസാനിക്കുന്നു. നാം ദിവസേന ഇവിടെ കണ്ടുമുട്ടുന്ന ചിരിച്ച മുഖങ്ങളില്‍ പലതിന്റെയും ഉള്ളില്‍ ഇങ്ങനത്തെ കഥകള്‍ ഉണ്ട്.


നമ്മുടെ കഥാപാത്രം ഇപ്പോള്‍ ഇടക്കിടെ പറയും." ഇനി വയ്യ ..മകന് ഇരുപതു വയസ്സായി.അവനെ എങ്ങനെയെങ്കിലും കൊണ്ടു വരണം .എന്നിട്ട് നാട്ടില്‍ പോയി വിശ്രമിക്കണം." പക്ഷെ വീണ്ടും അവധിക്കാലം.
തിരിച്ചെത്തി പറയും. "കുറച്ചു കൂടി കഴിയട്ടെ". ഇതിന് പിന്നില്‍ ഉള്ള കാരണം കേട്ടപ്പോള്‍ എനിക്ക് വീണ്ടും അയാളോട് ബഹുമാനം തോന്നി. മകനെ ഇവിടെ കൊണ്ടു വന്നു കഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ല.അതൊരു കാരണം . മറ്റൊന്ന്.." അവന്റെ ജീവിതത്തിന്റെ ആദ്യ ഭാഗം എനിക്ക് കാണാന്‍ കഴിഞ്ഞില്ല.ചെറു പ്രായത്തിലെ അവന്റെ കുസൃതികള്‍ പറഞ്ഞു മാത്രം അറിഞ്ഞു. ഇനി അവന്റെ ബാക്കിയുള്ള ജീവിതം എന്നെ പോലെ ഇവിടെ.അപ്പോള്‍ ഞാന്‍ തിരിച്ചു നാട്ടില്‍ പോകണം . വീണ്ടും എനിക്ക് നഷ്ടം തന്നെ. എന്തെല്ലാമോ.
അത് കൊണ്ടു ഇങ്ങനെ പോകട്ടെ. പക്ഷെ എത്ര നാള്‍ കൂടി?

Saturday, September 13, 2008

ദുബായിലെ ഓണം

പ്രവാസി മലയാളികള്‍ക്ക് ഓണം എപ്പോഴും സന്തോഷത്തിനൊപ്പം നഷ്ടബോധവും ഉണ്ടാക്കുന്നു.കുടുംബാംഗംങളും മറ്റു ബന്ധുക്കളും നാട്ടില്‍ ഒരുമിച്ചു ഓണം ആഘോഷിക്കുമ്പോള്‍ ഇവിടെ തനിച്ചു ആവുക കഷ്ടം തന്നെ. എന്നാലും കഴിയുന്നത്ര ഭംഗിയായി പ്രവാസികള്‍ ഓണം ആഘോഷിക്കുന്നു. ഇത്തവണ ഓണം പൊതു ഒഴിവു ദിനം ആയ വെള്ളിയാഴ്ച ആയിരുന്നത് കൊണ്ടു എല്ലാവര്ക്കും ഒരുമിക്കാന്‍ അവസരം കിട്ടി. മത സൌഹാര്ദ്ത്തിന്റെയും ഒരുമയുടെയും പ്രതീകമായി ഇവിടെ ഓണം . റമദാന്‍ മാസത്തിന്റെ നിയന്ത്രണങ്ങള്‍ക്കും പരിമിതികള്‍ക്കും ഇടയിലും എല്ലാവരും ഒരുമയോടെ ഓണം ആഘോഷിച്ചു.

മലയാളികള്‍ അല്ലാത്ത മറ്റു ദേശക്കാരുടെയും സജീവ സാന്നിധ്യം കൊണ്ടു ധന്യമായ് ഓണം.








വലി ...( വടം കിട്ടാത്തതുകൊണ്ട് നയ്ലോന്‍ റോപ് കൊണ്ടായിരുന്നു )










ഒടുവില്‍ തമിഴ് കരുത്തിനു മുന്‍പില്‍ മലയാളികള്‍ അടിയറവു പറഞ്ഞു.
(ഓണം താഴ്മയുടെയും കൂടി ഉത്സവമായത് കൊണ്ടു തോറ്റു കൊടുത്തതാണെന്ന് ചിലര്‍ .)








Wednesday, September 10, 2008

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!


എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!

Monday, September 8, 2008

ഒരു പാമ്പ്‌ 'എക്സ്പീരിയന്‍സ്'




സിമിയുടെ ഈ ബ്ലോഗ് കണ്ടപ്പോള്‍ എന്‍റെ ഒരു പാമ്പ്‌ 'എക്സ്പീരിയന്‍സ്' ഓര്മ വന്നു.



ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ...ഹൊ ! രോമാഞ്ചം .... ഒരു ദിവസം ഉച്ച തിരിഞ്ഞു ഞാന്‍ വീട്ടില്‍ എന്‍റെ മുറിയില്‍



കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ആയിരുന്നു. പെട്ടെന്ന് തൊട്ടപ്പുറത്തെ വീട്ടില്‍ നിന്നും എന്നെ ആരോ പേരു ചൊല്ലി വിളിച്ചു.ഞാന്‍ പെട്ടെന്ന് പുറത്തിറങ്ങി നോക്കി. നോക്കുമ്പോള്‍ അപ്പുറത്തെ വീടിലെ പയ്യന്‍സ് . എട്ടാം ക്ലാസ്സില്‍



പഠിക്കുന്ന കക്ഷി. ' അയ്യോ .പാമ്പ്‌ ! ' അവന്‍ വീണ്ടും വിളിച്ചു കൂവി. ഞാന്‍ ഞെട്ടി വന്ന സ്പീഡില്‍ അകത്തേക്ക്



തിരിഞ്ഞോടി. പാമ്പുകളെ എനിക്ക് പണ്ടേ വല്യ ഇഷ്ടമാണ്. അപ്പോള്‍ അവന്‍ വീണ്ടും .." അണ്ണോ... പാമ്പ്‌ നിങ്ങടെ മുറിയിലാണ് " എന്ന് വിളിച്ചു പറഞ്ഞു. 'അമ്മേ എന്ന വിളിയോടെ ഞാന്‍ വീണ്ടും പുറത്തേക്കോടി.



"ഹെ.. ഹെവിടെ ? പാ..മ്പ് ? " എന്‍റെ ശബ്ദം കഷണം കഷണം ആയി .



അപ്പോഴേക്കും അടുത്തുള്ള വരെ ചിലരും എത്തി. ആളുകള്‍ എത്തിയതോടെ ഞാന്‍ ഉള്ളില്‍ കയറി എന്‍റെ മുറിയുടെ വാതില്‍ പാതി തുറന്നു അകത്തേക്ക് നോക്കി.



അപ്പോള്‍ കണ്ട കാഴ്ച ... നല്ല സുന്ദരനായ ഒരു മൂര്‍ഖന്‍ പാമ്പ്‌ ..! അതും എന്‍റെ കട്ടിലില്‍ കയറി ..തല ഉയര്ത്തി നില്ക്കുന്നു.

ഇവന്‍ എങ്ങനെ അകത്തുകടന്നു ? പിന്നെയാണ് അറിഞ്ഞത്. കേട്ടപ്പോള്‍ എനിക്ക് വിശ്വാസം വന്നില്ല.
നമ്മുടെ രക്ഷകനായ പയ്യന്‍സ് അവന്റെ വീട്ടില്‍ ടി.വി. കാണുകയായിരുന്നു. പുറത്തു നിന്നു ആരോ വിളിക്കുന്നത് കേട്ട അവന്‍ ഇറങ്ങി നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. അപ്പോഴാണ്‌ വഴിയില്‍ കൂടി അതിവേഗം ഇഴഞ്ഞു എന്റെ മുറിയുടെ ഓവുചാലില്‍ കൂടി അകത്തു കയറുന്ന പാമ്പിനെ കണ്ടത്.
പാമ്പ്‌ ഉള്ളിലേക്ക് കയറുന്ന സമയത്ത് ഞാന്‍ മുറിയില്‍ തന്നെ ഉണ്ടായിരുന്നു.
നാട്ടുകാര്‍ പല അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങി. ചിലര്‍ പറഞ്ഞു.." എന്തോ വലിയ ദോഷമുണ്ട് ..അതാ ഇങ്ങനെയൊക്കെ.."
ഒടുവില്‍ ഒരാള്‍ ധൈര്യ പൂര്‍വ്വം അകത്തു കയറി പാമ്പിനെ തല്ലി കൊന്നു. ( ഇതു വായിക്കുന്ന പരിസ്ഥിതി സ്നേഹികളും മൃഗ സ്നേഹികളും ക്ഷമിക്കുക)
ഇപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട് . അന്ന് ആരായിരുന്നു അവനെ പുറത്തേക്ക് വിളിച്ചത്.?
തക്ക സമയത്ത് അങ്ങനെ അറിഞ്ഞിരുന്നില്ലെന്കില്‍ എന്താകുമായിരുന്നു..?
ഇപ്പോഴും നമ്മുടെ പയ്യന്‍സ് പറയാറുണ്ട് .."ഹും ..ഞാന്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു.."



Saturday, September 6, 2008

'മാവേലി കോലങ്ങള്‍'


മാവേലി തമ്പുരാന്റെ ഭരണകാലത്തെ ഓര്മിപ്പിക്കുന്നതാണല്ലോ ഓണം. അതുകൊണ്ട് ഓണത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം മാവേലി തമ്പുരാന്‍ തന്നെ. പക്ഷെ ഇന്നു നാം ചാനലുകളിലും വ്യാപാര കേന്ദ്രങ്ങളുടെ മുന്‍പിലും കാണുന്ന 'മാവേലി കോലങ്ങള്‍' മഹാബലി എന്ന പ്രജാക്ഷേമ തല്പരനായ രാജാവിനെ ഒരു കോമാളി രൂപമാക്കി മാറ്റിയിരിക്കുന്നു. കൂട്ടത്തില്‍ ഏറ്റവും വെറുപ്പ്‌ തോന്നിയത് ' ഘടികാര കച്ചവടത്തിലും കമ്പ്യൂട്ടര്‍ ! ഹൊ ..എന്റെ പ്രജകളുടെ ഒരു പുരോഗതി ' എന്ന് പറയുന്ന മോഡേണ്‍ മാവേലി ആണ്. കച്ചവട സ്ഥാപനങ്ങളുടെ മുന്‍പില്‍ നില്ക്കുന്ന വാടക മാവേലിമാര്‍ കുടവയറും കപ്പടാ മീശയും ആയി വീണ്ടും മാവേലിയെ കോമാളിയാക്കുന്നു. എവിടെയെങ്കിലും ഒരു വിഗ്രഹമോ പള്ളിയോ തകര്‍ക്കപെടുമ്പോള്‍ കലാപമുണ്ടാക്കുന്ന നമ്മള്‍ തന്നെയാണ് മലയാളിയുടെ മനസ്സിലെ സുന്ദര സന്കല്പങ്ങളായ ഓണത്തെയും മാവേലിയെയും ഇങ്ങനെ വികലമാക്കുന്നത് .ഇന്നത്തെ തലമുറക്ക് മാവേലി ഒരു ഹാസ്യ കഥാപാത്രം തന്നെ..


Monday, September 1, 2008

ജലശയ്യയില്‍ .....വീഡിയോ

ജലശയ്യയില്‍ .....

സന്ദര്‍ശകര്‍

eckart tolle