വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബായില്‍ എത്തുമ്പോള്‍ ഒരു വലിയ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അയാളുടെ ചുമലില്‍ ആയിരുന്നു. അച്ഛന്റെ മരണശേഷം അമ്മയ്ക്കും സഹോദരന്മാര്‍ക്കും അയാള്‍ മാത്രമായിരുന്നു തുണ .പട്ടിണിയും കഷ്ടതകളും വല്ലാതെ അലട്ടി തുടങ്ങിയപ്പോള്‍ ആണ് ഗള്‍ഫില്‍ പോകാന്‍ ശ്രമം തുടങ്ങിയത് . ഒരു പരിചയക്കാരന്റെ സഹായത്താല്‍ ഇവിടെ എത്തി.ആദ്യമൊക്കെ കൃത്യമായ ജോലിയോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെട്ടു.പിന്നെ പതിയെ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങി.എത്ര വേദനിച്ചാലും കഷ്ടപ്പെട്ടാലും തന്റെ കുടുംബത്തെ ഓര്‍ത്ത് അയാള്‍ ആശ്വസിക്കും.സമൃദ്ധിയില്‍ കഴിയുന്ന കുടുംബം .ആ സ്വപ്നം അയാള്‍ക്ക് എപ്പോഴും പ്രചോദനമായി.ഓരോ രൂപയും ചേര്ത്തു വെച്ചു അനുജന്മാര്‍ക്ക് അയച്ചു കൊടുത്തു.
ഒന്നും സ്വന്തമായ് സമ്പാദിക്കാന്‍ ശ്രമം നടത്തിയില്ല.വര്‍ഷങ്ങള്‍ കടന്നു പോയി.കുടുംബത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായും തന്റെ അധ്വാനം ഫലം കാണുന്നതായും അയ്യാള്‍ക്ക് തോന്നി.താന്‍ അയച്ചു കൊടുത്ത പണം കൊണ്ട് അനുജന്മാര്‍ സ്വന്തം വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ അഭിമാനം തോന്നി. ദൈവം തന്റെ പ്രാര്‍ത്ഥനകളും കഷ്ടപ്പാടും കണ്ടിരിക്കുന്നു.നാട്ടില്‍ നിന്നും വന്നിട്ട നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു .നാട്ടില്‍ പോകാനും എല്ലാവരെയും കാണാനും കൊതിയായി. പോകാന്‍ തീരുമാനിച്ചു. നാട്ടിലെത്തി അമ്മയെയും അനുജന്മാരെയും കണ്ടപ്പോള്‍ എന്തൊക്കെയോ ജീവിതത്തില്‍ നേടി എന്ന തോന്നല്‍ ആയിരുന്നു.
ആ അവധി കാലത്തു അയാള്‍ വിവാഹം കഴിച്ചു. തന്റെ അനുജന്റെയും വിവാഹം നടത്താന്‍ ഒട്ടും വൈകിയില്ല.രണ്ടു മാസം മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനു ശേഷം ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളും ഭാരങ്ങളും ആയി വീണ്ടും മണലാരണ്യത്തില്‍ .
പ്രിയതമയെ വേര്‍പിരിഞ്ഞതിന്റെ വേദന ഉള്ളിലൊതുക്കി നല്ല നാളെകള്‍ സ്വപ്നം കണ്ടു വീണ്ടും .
പണം അയക്കുന്നത് ഇപ്പോഴും അനുജന്റെ പേരില്‍ മാത്രം ആണ്.അവന്‍ തന്റെ കുടുംബം സംരക്ഷിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഭാര്യ ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ നാട്ടിലേക്ക് പറന്നെത്താന്‍ തോന്നിയെന്കിലും സാഹചര്യങ്ങള്‍ അനുവദിച്ചില്ല. മകന്‍ പിറന്നപ്പോഴും പോകാനായില്ല.തന്റെ മകന്റെ മുഖം ആദ്യമായ് കാണുന്ന നിമിഷം എല്ലാ ദിവസവും സ്വപ്നം കണ്ടു.ഒടുവില്‍ മകന് രണ്ടു വയസ്സ് പ്രായം ആയപ്പോഴാണ് നാട്ടില്‍ വീണ്ടും പോകാന്‍ അവസരം കിട്ടിയത്.മനസ്സു സന്തോഷം കൊണ്ടു നിറഞ്ഞു.ഇതിനേക്കാള്‍ വലിയ സന്തോഷം ഒന്നും ഇല്ല ജീവിതത്തില്‍. എയര്‍പോര്‍ട്ടില്‍ തന്നെ കൂട്ടാന്‍ അനുജന്‍ മാത്രം എത്തിയപ്പോള്‍ നിരാശ തോന്നി.വീട്ടിലെത്തി മകനെയും ഭാര്യയേയും അമ്മയെയും കാണാന്‍ തിടുക്കമായി.
അതിനിടയിലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അനുജന്‍ ആകെ മാറിയിരിക്കുന്നു.പഴയ സ്നേഹത്തിന്റെ നിഴല്‍ പോലും അവനില്‍ കാണാനായില്ല.യാത്രയില്‍ ഉടനീളം അവന്‍ നിശബ്ദനായിരുന്നു.
വീടിന്റെ അടുത്തെത്തിയപ്പോള്‍ തന്നെ കണ്ടു മുറ്റത്ത് കുറെ കുട്ടികള്‍ കളിക്കുന്നു.തന്റെ മകനെ തിരഞ്ഞ അയ്യാളുടെ കണ്ണുകള്‍ ആദ്യം ഉടക്കിയത് പ്രാകൃത വേഷം ധരിച്ച ഒരു കുട്ടിയിലാണ്.ദേഹമാസകലം ചെളിയും പൊടിയും.പാറിപ്പറന്ന മുടി.കീറിപ്പറിഞ്ഞ ഉടുപ്പ്.മറ്റു കുട്ടികള്‍ വളരെ നല്ല വസ്ത്രങ്ങള്‍ ധരിച്ചു സന്തോഷത്തോടെ കളിക്കുമ്പോള്‍ ഇവന്‍ മാത്രം കരഞു കൊണ്ടു നില്ക്കുന്നു.അയല്‍പക്കത്തെ കുട്ടിയാവും എന്ന് കരുതി കാറില്‍ നിന്നിറങ്ങി വീണ്ടും തന്റെ മകനെ തിരഞ്ഞ അയ്യാള്‍ക്ക് മനസ്സിലായി തന്റെ കണ്ണുകള്‍ ആദ്യം കണ്ടെത്തിയത് മകനെ തന്നെ എന്ന്.ചോദ്യ ഭാവത്തില്‍ അനുജനെ നോക്കിയെന്കിലും അയാള്‍ മുഖം തിരിച്ചു.വീട്ടില്‍ കടന്നപോള്‍ കണ്ടു ....വേലക്കാരിയെപോലെ ഭാര്യ.
പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു .താന്‍ പരാജയപ്പെട്ടു .ഒരു ജീവിതം മുഴുവന്‍ കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ട താന്‍ ഒരു ശല്യമായ് മാറിയിരിക്കുന്നു.അനുജനും ഭാര്യയും കുട്ടികളും ആഡംബര ജീവിതം നയിച്ചപ്പോള്‍ തന്റെ ഭാര്യയും കുട്ടിയും അവരുടെ വേലക്കാരെ പോലെ.സഹിക്കാന്‍പറ്റുന്നില്ല.എല്ലാത്തിനും മൂക സാക്ഷിയായ് അമ്മ.
പെട്ടെന്ന് തളരുന്ന മനസ്സ് അല്ലായിരുന്നു .അത് കൊണ്ടു തന്നെ ഇനിയെന്ത് എന്ന് ചിന്തിച്ചു. തിരിച്ചു പോകണം .
മകന് നല്ല വിദ്യാഭ്യാസവും ഭാര്യക്ക് നല്ല തുണയും നല്‍കണം .ഇത്രയും കാലം അവളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടില്ല.ഇനി അത് പാടില്ല.അവള്ക്ക് പരാതികള്‍ ഇല്ലായിരുന്നു.
മകന് നല്ല ഒരു ജോലി കിട്ടുന്നത് വരെ മതി ഗള്ഫ് ജീവിതം . അത് കഴിഞ്ഞാല്‍ മടങ്ങി വരണം .
ശേഷ കാലം കുടുംബത്തോടൊപ്പം .
തിരിച്ചെത്തി വാശിയോടെ വീണ്ടും അധ്വാനിച്ചു.മകന്‍ നന്നായ് പഠിക്കുന്നു എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി.ഓരോ തവണയും നാട്ടില്‍ പോകുമ്പോള്‍ മകന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളില്‍ ആയിരുന്നു.
ഒപ്പം കഴിഞ്ഞു കൊതി തീരും മുന്പേ ഓരോ തവണയും തിരിച്ചു പോരേണ്ടി വന്നു. എങ്കിലും ചില പ്രതീക്ഷകള്‍ ..ശുഭാപ്തി വിശ്വാസം .
പത്താം തരം കഴിഞ്ഞതോടെ മകന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി.മകന് ഡ്രൈവര്‍ ആകണമത്രെ. പഠിക്കാന്‍ താല്പര്യമില്ല. തന്റെ എല്ലാ സ്വപ്നങ്ങളും ഒപ്പം ജീവിതവും നീര്‍കുമിള പോലെ പൊലിയുന്നത് അയാള്‍ വേദനയോടെ മനസ്സിലാക്കി.അവസാന ശ്രമം എന്ന നിലക്ക് മകനോട് പഠനം തുടരണം എന്നും ഇല്ലെങ്കില്‍ താന്‍ ഇനി ജീവിച്ചിരിക്കില്ല എന്ന് വരെ പറഞ്ഞു നോക്കി. ഒന്നും ഫലിച്ചില്ല .
പകരം എന്നെ എങ്ങനെയെങ്കിലും ഗള്‍ഫില്‍ കൊണ്ടുപോകണം എന്നും അവിടെ ഡ്രൈവര്‍ ആയാല്‍ മതിയെന്നും മകന്‍. ഇപ്പോഴും അയാള്‍ എന്തിനെന്നിലാതെ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നു. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍.
ആരോഗ്യവും യൌവനവും ജീവിതം തന്നെയും നശിപ്പിച്ചിട്ടെന്തു കിട്ടി ? ഇപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ
മാത്രമെ അയാളെ കാണാന്‍ പറ്റൂ.അയാളുടെ കണ്ണുകളുടെ ആഴങ്ങളില്‍ പോലും ഒരല്പം വിഷാദം കാണാനില്ല.
ഇത്രയും തന്റെ ജീവിതത്തെ പറ്റി പറഞ്ഞതും ഒരു തമാശയെന്നോണം .ഒരു ശരാശരി പ്രവാസിയുടെ ജീവിതത്തിലെ സാധാരണ സംഭവം ആയി മാത്രമെ ഇതു പലര്ക്കും തോന്നുകയുള്ളൂ.പക്ഷെ ഇങ്ങനെ എത്രയെത്ര ജന്മങ്ങള്‍ ..ജീവിതത്തില്‍ കഷ്ടതയും വേര്‍പാടും വേദനയും സഹിച്ച് വര്‍ഷങ്ങള്‍ മരുഭൂമിയില്‍ കഴിച്ചു കൂട്ടി ,ഒടുവില്‍ ആരോഗ്യം നശിക്കുമ്പോള്‍ ആര്ക്കും വേണ്ടാതെ അവസാനിക്കുന്നു. നാം ദിവസേന ഇവിടെ കണ്ടുമുട്ടുന്ന ചിരിച്ച മുഖങ്ങളില്‍ പലതിന്റെയും ഉള്ളില്‍ ഇങ്ങനത്തെ കഥകള്‍ ഉണ്ട്.
നമ്മുടെ കഥാപാത്രം ഇപ്പോള്‍ ഇടക്കിടെ പറയും." ഇനി വയ്യ ..മകന് ഇരുപതു വയസ്സായി.അവനെ എങ്ങനെയെങ്കിലും കൊണ്ടു വരണം .എന്നിട്ട് നാട്ടില്‍ പോയി വിശ്രമിക്കണം." പക്ഷെ വീണ്ടും അവധിക്കാലം.
തിരിച്ചെത്തി പറയും. "കുറച്ചു കൂടി കഴിയട്ടെ". ഇതിന് പിന്നില്‍ ഉള്ള കാരണം കേട്ടപ്പോള്‍ എനിക്ക് വീണ്ടും അയാളോട് ബഹുമാനം തോന്നി. മകനെ ഇവിടെ കൊണ്ടു വന്നു കഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ല.അതൊരു കാരണം . മറ്റൊന്ന്.." അവന്റെ ജീവിതത്തിന്റെ ആദ്യ ഭാഗം എനിക്ക് കാണാന്‍ കഴിഞ്ഞില്ല.ചെറു പ്രായത്തിലെ അവന്റെ കുസൃതികള്‍ പറഞ്ഞു മാത്രം അറിഞ്ഞു. ഇനി അവന്റെ ബാക്കിയുള്ള ജീവിതം എന്നെ പോലെ ഇവിടെ.അപ്പോള്‍ ഞാന്‍ തിരിച്ചു നാട്ടില്‍ പോകണം . വീണ്ടും എനിക്ക് നഷ്ടം തന്നെ. എന്തെല്ലാമോ.
അത് കൊണ്ടു ഇങ്ങനെ പോകട്ടെ. പക്ഷെ എത്ര നാള്‍ കൂടി?
പാവം മനുഷ്യന്‍ . പണം എന്ന സാധനം മയക്കു മരുന്നിനേക്കാള്‍ വിഷമാണ്. നന്ദി എന്നതു ഇന്നു വളരെ അപൂര്‍വ സാധനമാണ്. സഹോദരങ്ങള്‍ മാത്രമല്ല അച്ഛനും അമ്മയും പോലും വന്ചിച്ച കഥകല് സാധാരണം, പാവം പ്രവാസിയെ.
ReplyDeleteഇതൊക്കെ തന്നെ ഒരു ശരാശരി മനുഷ്യന്‍റെ ഭാഗ്യങ്ങള്‍...
ReplyDeleteകണ്ണു നിറഞ്ഞ് പോയി കേടോ .. വായിച്ചു കഴിഞ്ഞപ്പോള്‍...
old story,oft repeated evergreen
ReplyDelete